അഭയവത്മീകം (കവിത)



അഭയമരുളൂ  താതാ, നിന്‍ പര്‍ണശാലയി-
ലൊരിത്തിരി മയങ്ങുവാ,നിറ്റു നേരം മനഃ-
ഭാണ്ഡമിറക്കുവാ,നുദരം പെരുക്കും
രാമ ബീജം വളര്‍ത്തുവാനഭയമരുളൂ..

ചിതല്‍പുറ്റ് പെറ്റ നിന്നാശ്രമപ്പടിയി-
ലിന്നാശ്രയമിരന്നു ഞാന്‍ മുട്ടുന്നു,വാതി-
ലിന്നോടാമ്പലിളക്കി,യപ്പാനയിലൊരിത്തിരി
ജലതീര്‍ത്ഥമോതിയെന്നധരം നനയ്ക്കൂ..

അറിയുകില്ലേ എന്നെ, ഞാന്‍ നിന്‍റെ നാരായ-
മുനയില്‍ പിറന്നൊരാ പതിതയാം മൈഥിലി.
പേര്‍ത്തും പിറന്നു ഞാന്‍ നാരിയായി തന്നെ-
യെന്നുദരം ചുമക്കുന്നുണ്ടിന്നൊരു രാമബീജം..

മൗനവത്മീകമുടയ്ക്കു നീ മാമുനേ-
യെവിടെ ഈ തമസ്സിന്‍റെ മറയിലുണ്ടോ?അതോ,
അടവിതന്നറ്റത്തൊതുങ്ങിയൊരു ദിക്കിലിരു-
ന്നഭിനവ രാമായണം കുറിക്കയാണോ?

ഇളപെറ്റ പുത്രിയായി നീ തന്നൊരാ ജന്മ-
മിനിയും വെടിയാതെ പേറുന്നു നാരികള്‍.
ഇണചേര്‍ന്ന ശേഷമെന്‍ ജീവനെപ്പഴിചാരി-
യൊഴിയുന്ന ഭൂപാലരിന്നും ഭരിക്കുന്നു..

എവിടെ നീ വാത്മീകീ, യെങ്ങുപോയീ-
രാത്രി,യിന്നാശ്രമ വെളിച്ചം തെളിക്കാതെ-
യരത്തം കലക്കാതെ,യഭയം കൊതിക്കുമീ
സീതയെ കാണാതെ, യെങ്ങു പോയി നീ..

വാക്കുകളറംപറ്റിയെന്നാര്‍ത്താര്‍ത്തു തേങ്ങി-
യിന്നഭയ വത്മീക മറയിലൊളിച്ചിരിക്കുന്നുവോ?
അതോ,ജ്ഞാനവല്‍മീകമഴിച്ചു നീ കലിയുഗ-
ക്കാട്ടാള വേഷമണിഞ്ഞുവോ പിന്നെയും..?

ചൂലിന്‍റെ വില പോലുമില്ലാത്ത ചൂലിതന്‍
ചിത്തത്തിലന്ത്യ പ്രതീക്ഷ നീ, മാഞ്ഞുവോ..?
പെറ്റും പെറാതെയും ഒരുപാടു നാരിമാരൊരു-
നേരമഭയ വത്മീകം തിരക്കുന്നുവോ..?

ആരുണ്ടെനിക്കിന്നൊരുത്തരം നല്‍കുവാന്‍..?
ആരുണ്ടെനിക്കിന്നൊരുത്തരം നല്‍കുവാന്‍..?
ഞാനെന്തു വേണം? നിനക്കെന്നെ അറിയില്ലേ,
ഞാന്‍ സീത, ഞാന്‍ പെണ്ണ്.. ഞാന്‍ പെണ്ണ്..

ഭൂമിക്കു ഭാരമായിനിയും ഞാന്‍ മേവണോ?
ഞാനെന്‍റെ പിരടിയില്‍ പാശം മുറുക്കണോ?
പ്രാണന്നു വിലയിട്ടു ലേലത്തില്‍ വയ്ക്കണോ?
പ്രണയ വത്മീകമുണരും വരെ കാക്കണോ?

ആരുണ്ടെനിക്കിന്നൊരുത്തരം നല്‍കുവാന്‍..?
ആരുണ്ടെനിക്കിന്നൊരുത്തരം നല്‍കുവാന്‍..?
ഞാനെന്തു വേണം? നിനക്കെന്നെ അറിയില്ലേ,
ഞാന്‍ സീത, ഞാന്‍ പെണ്ണ്.. ഞാന്‍ പെണ്ണ്..









29 comments:

  1. അഭയവാത്മീകം കൊള്ളാം

    ReplyDelete
    Replies
    1. സന്തോഷം അജിത്തേട്ടാ.... :)

      Delete
  2. ഇണചേര്‍ന്ന ശേഷമെന്‍ ജീവനെപ്പഴിചാരി-
    യൊഴിയുന്ന ഭൂപാലരിന്നും ഭരിക്കുന്നു..

    ReplyDelete
  3. പ്രാണന്നു വിലയിട്ടു ലേലത്തില്‍ വയ്ക്കണോ?
    പ്രണയ വത്മീകമുണരും വരെ കാക്കണോ?

    ReplyDelete
    Replies
    1. വായനക്ക് നന്ദി രയിനി... :)

      Delete
  4. iyoo ningal puliyanallo...gud 1...abhinandanangal..aashamsakalum...

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ...... :) ഇനിയും വരിക...

      Delete
  5. Replies
    1. ഒരുപാട് സന്തോഷം ഷാജു....

      Delete
  6. കൊള്ളാം.. നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. വളരെ സന്തോഷം അബ്സര്‍ക്കാ... വായനക്കും അഭിപ്രായത്തിനും നന്ദി..

      Delete
  7. സുഹൃത്തേ,
    കവിത വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..! വായനക്കുശേഷം കവിതയിലെ ചിലവരികള്‍ക്ക് ഹൃദയത്തില്‍ അസ്വസ്ഥമായ ആഴങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്..!
    ഉദാ:-
    ചിതല്‍പുറ്റ് പെറ്റ നിന്നാശ്രമപ്പടിയി-
    ലിന്നാശ്രയമിരന്നു ഞാന്‍ മുട്ടുന്നു,വാതി-
    ലിന്നോടാമ്പലിളക്കി,യപ്പാനയിലൊരിത്തിരി
    ജലതീര്‍ത്ഥമോതിയെന്നധരം നനയ്ക്കൂ..
    അതുകൊണ്ട് തന്നെ താങ്കളില്‍ സര്‍ഗത്മകമായ കവിത്വത്തിന്റെ കനലുണ്ട് എന്ന് നിര്‍വ്യാജം പറയാന്കഴിയും. ഏങ്കിലും കവിതയുടെ ശില്പഘടനയിലും, വാക്കുകളുടെ അര്‍ത്ഥ പ്രയോഗത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ കഴിവതും പരത്തി പറയുവാന്‍ ശ്രമിക്കാതെ ചുരുക്കി പറയാനാണ് ശ്രമിക്കേണ്ടത് എന്നുകൂടി സവിനയം അറിയിക്കുന്നു.
    സ്നേഹാശംസകളോടെ

    സതിഷ് കൊയിലത്ത്
    8089483774

    ReplyDelete
  8. സതീഷിന്റെ അഭ്പ്രായം എനിക്കുമുണ്ട്...
    ഞാന്‍ പണ്ടെഴുതിയ ഒരു കവിത സീതയും ഭൂമിയും പറ്റി..
    http://anwarikal.blogspot.in/2012/11/blog-post_10.html

    ReplyDelete
  9. ദേവികൾ കവിതയായെങ്കിലും ശോഭിക്കട്ടെ..
    നല്ല വരികൾ ട്ടൊ..ആശംസകൾ..!

    ReplyDelete
  10. കൊള്ളാം മനോജ്‌, അറിയുകില്ലേ എന്നെ, ഞാന്‍ നിന്‍റെ നാരായ-
    മുനയില്‍ പിറന്നൊരാ പതിതയാം മൈഥിലി.
    പേര്‍ത്തും പിറന്നു ഞാന്‍ നാരിയായി തന്നെ-
    യെന്നുദരം ചുമക്കുന്നുണ്ടിന്നൊരു രാമബീജം..

    മൗനവത്മീകമുടയ്ക്കു നീ മാമുനേ-
    യെവിടെ ഈ തമസ്സിന്‍റെ മറയിലുണ്ടോ?അതോ,
    അടവിതന്നറ്റത്തൊതുങ്ങിയൊരു ദിക്കിലിരു-
    ന്നഭിനവ രാമായണം കുറിക്കയാണോ?
    ഈ വരികള്‍ നല്ല വണ്ണം ഇഷ്ടമായി
    പക്ഷെ ചില ഭാഗങ്ങളിലെ ഭാഷ ഇഷ്ടപ്പെട്ടില്ല, ചില പ്രയോഗങ്ങളും ആര്‍ത്താര്‍ത്തു തേങ്ങുക,പിന്നെ പിരടി, എന്നിവ
    "നേരമഭയ വത്മീകം തെരക്കുന്നുവോ..?" തിരക്കുന്നുവോ എന്നാണോ ?
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍..,.. തിരക്കുന്നുവോ ആണ് ശരി.. തിരുത്തി... പിരടി എന്നാല്‍ കഴുത്ത് എന്നാണ് അര്‍ഥം.. അതില്‍ പ്രശ്നമുണ്ടോ?

      Delete
  11. അറിയുകില്ലേ എന്നെ, ഞാന്‍ നിന്‍റെ നാരായ-
    മുനയില്‍ പിറന്നൊരാ പതിതയാം മൈഥിലി.

    അറിഞ്ഞിട്ടിപ്പോ എന്താ വിശേഷിച്ച് കാര്യം ?

    ആരുണ്ടെനിക്കിന്നൊരുത്തരം നല്‍കുവാന്‍..?

    ഉത്തരം നൽകീട്ടും വിശേഷിച്ച് കാര്യൊന്നൂല്ല്യെങ്കിലോ,അറിയുകയുമില്ലെങ്കിലോ ഒരു കാര്യൂം ഇല്ല്യാ.
    ഉത്തരങ്ങൾ നൽകീട്ടും,അറിഞ്ഞിട്ടും വിശേഷിച്ച് കാര്യൊന്നൂല്ല്യാ.
    ആശംസകൾ.

    ReplyDelete

  12. ചൂലിന്‍റെ വില പോലുമില്ലാത്ത ചൂലിതന്‍
    ചിത്തത്തിലന്ത്യ പ്രതീക്ഷ നീ, മാഞ്ഞുവോ..?
    പെറ്റും പെറാതെയും ഒരുപാടു നാരിമാരൊരു-
    നേരമഭയ വത്മീകം തിരക്കുന്നുവോ..?
    വാക്കുകളുടെ ശക്തിയും കനവും കൊണ്ടാവാം വരികള്‍ ഇഴയുന്നുവെന്നു വായനക്കാര്‍ക്ക് തോന്നിയത് ...
    ഉത്തരം നല്‍കാനാവാത്ത ഇത് പോലെ കുറെയേറെ ചോദ്യങ്ങള്‍ എന്നും ബാക്കിയാകും...
    ഇനിയും എഴുതുക മാഷെ .. ആശംസകളോടെ...
    കവിത ഇഷ്ടമായ ഒരു വായനക്കാരന്‍ :)

    ReplyDelete
  13. വല്ലാതെയിഷ്ടമായ ഒരു കവിത.
    മനോഹരമായിപ്പറഞ്ഞിരിക്കുന്നൂ. വത്മീകമോ അതോ വാത്മീകമോ?

    ReplyDelete
    Replies
    1. വത്മീകം.. വത്മീകത്തില്‍ നിന്ന് ഉണ്ടായവന്‍ വാത്മീകി...

      Delete
  14. പിറന്നു വീണൊരു പെണ്‍കുഞ്ഞു കരയുന്നു..
    കണ്ണുനീര്‍ തോരാതെ കരയാനുള്ള ദിനങ്ങളോര്‍ത്തു..
    അതാണ് സത്യം ഇനിയിവിടെ..

    പിറക്കുന്ന ഞങ്ങളെ, കരയൂ,
    ഒരു പെണ്ണായി പിറന്നതിന്‍ വ്യഥയോര്‍ത്തു..

    അച്ഛനായി ലാളിക്കെണ്ടവര്‍..,
    അമ്മയായി ഓമനിക്കെണ്ടവര്‍..,
    സഹോദരനായി സംരക്ഷിക്കേണ്ടവര്‍..,
    ഞങ്ങളെ വില്കുന്ന ലോകത്ത്
    പിറന്നതിന്‍ വ്യഥയോര്‍ത്തു
    ഒരു പാവം പെണ്‍കുഞ്ഞു കരയുന്നു..

    ഹിരണ്‍,
    ചാങ്ങ

    ReplyDelete
  15. മനോഹരവും,ചിന്താര്‍ഹവുമായ കവിത.
    എനിക്കേറെ ഇഷ്ടപ്പെട്ടു.ഗൂഗിള്‍പ്ലസ് വഴി ബ്ലോഗില്‍ എത്തിച്ചേരാന്‍
    കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
    ആശംസകളോടെ

    ReplyDelete
  16. മനോഹരമായ കവിത ..........., വളരെ വളരെ മനോഹരം

    ReplyDelete
  17. നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  18. ശ്രദ്ധിച്ചെഴുതിയതിന്റെ ഗുണം വരികളില ഉണ്ട് .
    വളരെ ഇഷ്ടായി ...
    തുടരുക ... ശ്രദ്ധയോടെ .... മുന്നില് വഴിയുണ്ട് തീർച്ചയായും

    ReplyDelete

  19. ഇവിടെ തേടി നടപ്പൂ ദ്രൗപദി-
    മാരേ ദുശ്ശാസനരും, സീതയെ
    കപട പരാശരിവേഷം പൂണ്ടു
    നടക്കും രാവണരും തെരുതോറും

    ReplyDelete
  20. പുരാണം ആവർത്തിച്ചു കൊണ്ടെയിരിക്കുന്നൂ..!

    ReplyDelete
  21. ആലാപനവും മനോഹരമായി.
    ആശംസകള്‍

    ReplyDelete