കോളാമ്പി



                വൃദ്ധസദനത്തിലെ ബില്ല് കണ്ട് എനിക്ക് പെട്ടന്ന് ദേഷ്യം വന്നു.കഴിഞ്ഞ മാസത്തേക്കാള്‍ അയ്യായിരം രൂപ കൂടുതല്‍.


                      "ഇതെന്താ, ഭാസ്കരന്‍ നായരുടെ ബില്ലില്‍ കഴിഞ്ഞ മാസത്തേക്കാള്‍ അയ്യായിരം രൂപ കൂടുതല്‍ ആണല്ലോ.!" 
             
         ഞാന്‍ ദേഷ്യം പുറത്ത് കാണിക്കാതെ ഗൌരവത്തില്‍ ബില്ലിംഗ് കൌണ്ടറില്‍ ഇരുന്ന പെണ്‍കുട്ടിയോട് ചോദിച്ചു. അവര്‍ മുന്നിലിരുന്ന കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോട്ടമെറിഞ്ഞ്, ലവലേശം കരുണയില്ലാതെ പറഞ്ഞു,

                   "സിസ്റ്റെത്തില്‍ അങ്ങനാ കെടക്കുന്നെ.. സംശയം ഉണ്ടേല്‍ അക്കൌണ്ട്സ് ഓഫീസര്‍ അപ്പുറത്തെ ബില്‍ഡിങ്ങില്‍ ഉണ്ട്. അവരോടു ചോദിക്കൂ."
                          പിന്നെ സംശയം ഇല്ലാതെ. എനിക്ക് പിന്നേം ദേഷ്യം വരുന്നുണ്ടായിരുന്നു. അല്ലാതെ തന്നെ ഓരോ ദിവസവും ചെലവ് ഇരട്ടിയായിക്കൊണ്ടിരിക്കുവാണ്. അതിനിടയില്‍ ഇതും കൂടി. കുറച്ചു സൗകര്യം കൂടുതല്‍ ഉണ്ട്, ഉത്തരവാദിത്തം ഉള്ളവരാണ് എന്നൊക്കെ കണ്ടിട്ടാണ് കാശ് കൂടുതലാണെങ്കിലും  അച്ഛനെ ഇവിടെ തന്നെ കൊണ്ട് വന്നു ആക്കിയത്.

                       "ആ.. ഞാന്‍ ചോദിച്ചോളാം.."
  
                    കുറച്ചു കടുപ്പിച്ചു ഇത്രയും മാത്രം പറഞ്ഞിട്ട് ഞാന്‍ അക്കൌണ്ട്സ്  ഓഫീസറെ കാണാന്‍ തിരിച്ചു. ഇടനാഴിയിലൂടെ നടക്കുമ്പോള്‍ കുറച്ചു ദൂരെ  മുറ്റത്ത് ഒരു പെണ്‍കുട്ടി പ്രായമായ ഒരു സ്ത്രീയോട് ദേഷ്യപ്പെടുന്നത് കണ്ടു.
                   
                         "ഹോ.. ഞാനൊരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്, ഇവിടിങ്ങനെ ഇതൊന്നും ചവച്ചു തുപ്പരുതെന്ന്. എത്ര പറഞ്ഞാലും മനസിലാകില്ല.. ആരേലും കണ്ടാലെന്നെയല്ലെ കുറ്റം പറയൂ."

           ആ വയസ്സായ സ്ത്രീയുടെ വായുടെ വശത്ത് കൂടെ രക്തം ഒലിച്ചിറങ്ങുന്നത് ഞാന്‍ ദൂരെ നിന്നെ കണ്ടു.

                    "വാ.. മതി കറങ്ങി നടന്നത്.. പോകാം.." 
                       
    ആ പെണ്‍കുട്ടി ആ സ്ത്രീയെയും പിടിച്ചു കൊണ്ട് മറ്റൊരു കെട്ടിടത്തിനുള്ളിലേക്ക് കേറിപ്പോയി.. ഇത്രയും അവശയായ ഒരു സ്ത്രീയോട് ആ കുട്ടി എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്ന് ഞാനോര്‍ത്തു. അച്ഛനോടും ഇവരൊക്കെ ഇങ്ങനെയാണോ പെരുമാറുന്നത് എന്നൊക്കെ ഓര്‍ത്തുകൊണ്ട് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് കാര്യം മനസിലായത്. മുറ്റം നിറച്ചു വെറ്റില മുറുക്കി തുപ്പിയിട്ടിരിക്കുന്നു.!! മുറ്റത്തവിടവിടെ അലിഞ്ഞ സ്ട്രോബെറി ഐസ്ക്രീം പോലെ പിങ്ക് നിറത്തില്‍ മണ്ണ് പറ്റിക്കിടക്കുന്ന 'മുറുക്കിത്തുപ്പലുകള്‍' കണ്ടപ്പോള്‍ എനിക്ക് അച്ഛനെയാണ് ഓര്‍മ്മ വന്നത്. അച്ഛനും അമ്മയും വേര്‍പിരിയാന്‍ തന്നെ കാരണം ഈ വെറ്റില മുറുക്കാണ്.

                അച്ഛനും പഴയ നായര്‍ തറവാടി തന്നെ ആയിരുന്നു. എന്നാല്‍ അമ്മയുടെ തറവാടിന്‍റെയത്ര പ്രൌഢി ഇല്ലായിരുന്നു താനും. അമ്മയുടെ തറവാട്ടിലെ സ്ത്രീകള്‍ ഉള്‍പെടെയുള്ളവരുടെ പ്രധാന വിനോദം വെറ്റില മുറുക്കലായിരുന്നു. രാവിലെ ഉണര്‍ന്നു എണീക്കുന്നത് മുതല്‍, ഭക്ഷണത്തിനു മുമ്പും ശേഷവും അങ്ങനെ തുടങ്ങി ദിവസം ഒരു ഇരുപത്തഞ്ചു പ്രാവശ്യം എങ്കിലും ഓരോരുത്തരും വെറ്റില മുറുക്കും. അച്ഛന്‍റെ വീട്ടിലുള്ളവരും ആവശ്യത്തിനു വെറ്റില മുറുക്കുമായിരുന്നെങ്കിലും അച്ഛനാശീലം ഇഷ്ടമേ അല്ലായിരുന്നു.

                അമ്മ ആദ്യരാത്രിയില്‍ പോലും മുറുക്കിയിട്ട് ആണത്രേ മുറിയില്‍ ചെന്നത്. അന്നേ അച്ഛനും അമ്മയും തമ്മിലുള്ള കലഹം തുടങ്ങിയിരിക്കണം. അച്ഛന്‍റെ നിര്‍ബന്ധപ്രകാരം അമ്മ അത് നിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും അത് തുടര്‍ന്നുകൊണ്ടിരുന്നു. എനിക്ക് ഒരു വയസ്സാകുന്നതിനു മുന്നേ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. എന്നെ അമ്മയ്ക്ക് വിട്ടു കൊടുക്കാന്‍ അച്ഛന്‍ സമ്മതിച്ചില്ലത്രേ. അമ്മയുടെ വീട്ടുകാര്‍ക്കും അതിനോടു താല്പര്യം ഇല്ലായിരുന്നു. അവര്‍ അമ്മയെ വീണ്ടും കല്യാണം കഴിപ്പിച്ചു ദൂരേക്ക് എവിടെയോ വിട്ടു. ഞാന്‍ അമ്മയെ കണ്ടിട്ടില്ല.

              ഈ കഥകളൊക്കെ അച്ഛന്‍ തന്നെയാണ് എനിക്ക് പറഞ്ഞു തന്നത്. ഒരിക്കല്‍ ഞാന്‍ ചോദിക്കുകയും ചെയ്തു,

                "അത്രയും കാലം സഹിച്ചില്ലേ..  പിന്നെന്തിനാ പിരിഞ്ഞേ..?"

അച്ഛന് ദേഷ്യം വന്നൂ,
               
     "ആര് സഹിച്ചു.. നിന്നെ ഗര്‍ഭിണിയിരുന്നതുകൊണ്ടുമാത്രമാണ് അവളെ അത്രയുംകാലം ഞാനവിടെ താമസ്സിപ്പിച്ചത്. കൂടിയാ ഒരു മാസം.. അതീക്കൂടുതല് അവളെ ഞാനെന്‍റെ മുറീപ്പോലും കേറ്റിയിട്ടില്ല."

അച്ഛന്‍റെ കണ്ണുകളിലെ ചുണ്ണാമ്പ് വെണ്മയില്‍ വെറ്റിലക്കറയുടെ ചുമപ്പ് പടരുന്നത് ഞാന്‍ കണ്ടു. അച്ഛന്‍ അമ്മയെ ഒരുപാട് കഷ്ടപ്പെടുത്തിയിരിക്കണം. എന്നാലും..

               "രാജീവ്.."
                
ഞാന്‍ ഞെട്ടിത്തിരിഞ്ഞു ശബ്ദം കേട്ട ദിക്കിലേക്ക് തലചരിച്ചു.

               "നിങ്ങളാണോ രാജീവ്‌?" 

അക്കൌണ്ട്സ്  ഓഫീസറുടെ മുറിയുടെ വാതില്‍ക്കല്‍ നിന്ന് കൊണ്ട് ഒരു സ്ത്രീ ചോദിച്ചു. ഞാന്‍ അതെ എന്ന് തലയാട്ടി.

                "അകത്തേക്ക് വിളിച്ചു.."

         മുപ്പത് മുപ്പത്തഞ്ചു പ്രായം വരുന്ന വെളുത്തു മെലിഞ്ഞ സ്ത്രീയാണ്  അക്കൌണ്ട്സ് ഓഫീസര്‍. കഴിഞ്ഞ ആറേഴു മാസമായി ഞാന്‍ അവരെ കാണുന്നുണ്ടെങ്കിലും ഇത് വരെ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല. ഞാന്‍ അവരോടു സഗൌരവം എന്‍റെ സംശയം അറിയിച്ചു. ഒരു സ്ത്രീക്ക് യോജിക്കാത്ത ഘനഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു,

              "മിസ്റ്റര്‍ രാജീവ്‌.. ഇതൊരു ധര്‍മസ്ഥാപനം അല്ലാന്നു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങളെ പോലെ കാശുള്ള മക്കളുള്ള അച്ഛനമ്മമാരെ കാശുവാങ്ങി ഞങ്ങള്‍ സംരക്ഷിക്കും. മറ്റാരില്‍ നിന്നും ഞങ്ങള്‍ ഒരു സഹായവും സ്വീകരിക്കാറുമില്ല.."

              "എന്നാലും ഒരുമിച്ചു ഇത്രയൊക്കെ കൂട്ടുമ്പോള്‍.." 

   എന്നെ പറഞ്ഞു മുഴുമിപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല.

              "നിങ്ങടെ ഫാദറിനു ഷുഗര്‍,പ്രഷര്‍, കാര്‍ഡിയാക് പ്രോബ്ലം ഒക്കെ ഉള്ളതാണ്. മരുന്നുകള്‍ക്കൊക്കെ ഇപ്പൊ തീപിടിച്ച വിലയാണ്. ഓരോ ആഴ്ചയും അവരെ പരിശോധിക്കാന്‍ വരുന്നതും വേണ്ടിവന്നാല്‍ ചികിത്സിക്കുന്നതും സ്പെഷ്യലൈസ്ഡ് ഡോക്ടര്‍സ് ആണ്. പിന്നെ ഭക്ഷണ സാധനങ്ങളുടെ വില.. ഇതെല്ലാം കൂടി ചേര്‍ത്താണ്.. "

         ഒന്ന് നിര്‍ത്തിയിട്ട് അവര്‍ തുടര്‍ന്നൂ,
              
          "മാത്രമല്ല, പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു ജിംനെഷ്യം കൂടി ഞങ്ങള്‍ ഉടനെ തുടങ്ങുന്നുണ്ട്.."

         എനിക്ക് കൂടുതലൊന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല. ശരി, ഞാന്‍ അടച്ചോളാം എന്ന് മാത്രം പറഞ്ഞു ഞാന്‍ ബില്ലിംഗ് കൌണ്ടറിലേക്ക് നടന്നു. തിരികെ നടക്കുമ്പോഴും ആ മുറുക്കിത്തുപ്പലുകള്‍ അവിടെ കിടക്കുന്നത് കണ്ടു. ജീവിതത്തിന്‍റെ പച്ചപ്പും വെണ്മയും നഷ്ടപ്പെടുമ്പോള്‍ ബാക്കിയാവുന്ന ചണ്ടിയും നീരും ചവച്ചെറിയാനുള്ള കോളാമ്പിയാണ് വൃദ്ധസദനങ്ങള്‍ എന്ന് ഉള്ളിലിരുന്നാരോ കരഞ്ഞു. ആരോടും ഒന്നും മിണ്ടാതെ കൌണ്ടറില്‍ മൂന്നു മാസത്തെ കാശ് ഒരുമിച്ചു അടച്ചു. ഇനി മൂന്നു മാസം കഴിഞ്ഞല്ലേ വരൂ.

          അച്ഛനോട് യാത്ര പറയാനായി അച്ഛന്‍ താമസിക്കുന്ന മുറിയിലേക്ക് ചെന്നൂ. അച്ഛന്‍ മുറിയുടെ പുറത്ത് തന്നെ നില്പുണ്ട്. അച്ഛന്‍ കഴിഞ്ഞ മാസത്തെക്കാളും കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി. മുഖത്ത് ഒരു പ്രസന്നതയും വന്നിട്ടുണ്ട്.

            "ഇന്ന് നീ വരുന്ന ദിവസ്സമാണല്ലോ.. കണ്ടില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തതെ ഉള്ളു." 
          
            അച്ഛന്‍ എന്‍റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ മെല്ലെ ഒന്ന് ചിരിച്ചു. അച്ഛന് സുഖമാണോ എന്നൊന്നും ഞാന്‍ ചോദിക്കാറില്ല. അത്തരം ഔപചാരികതകള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടവുമല്ല. ഞാന്‍ പറഞ്ഞു,

           " എന്‍റെ കമ്പനിയുടെ ഒരു പ്രൊജക്റ്റ്‌ . ജപ്പാനില്‍.. നാളെ പോകും.. മൂന്ന് മാസം കഴിഞ്ഞേ വരൂ." ഞാന്‍ അച്ഛന്‍റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. ചെറിയൊരു വിഷമം തളം കെട്ടിയെങ്കിലും അച്ഛനത് വളരെ വിദഗ്ദമായി ഒളിപ്പിച്ചു.

           "ലക്ഷ്മീം മോനും വരുന്നുണ്ടോ.?" അച്ഛന്‍ ചോദിച്ചു.

           "ഉണ്ട്.. മൂന്നു മാസം ഇല്ലേ." അച്ഛന്‍ ശരിയാണ് എന്ന മട്ടില്‍ തലയാട്ടി.

          "എന്നാപ്പിന്നെ പോയിട്ടൊക്കെ വാ.. അച്ഛനിവിടെ ഒരു കുറവും വരാതെ ഇവര് നോക്കുന്നുണ്ട്.." 

            ഞാന്‍ അച്ഛനെ തന്നെ നോക്കി നിന്നൂ..

            "നിന്‍റെ സാഹചര്യവും മനസ്സുമൊക്കെ അച്ഛന് നന്നായി അറിയാം. എന്നെ ഓര്‍ത്തു വിഷമിക്കുകയൊന്നും വേണ്ട." അച്ഛനെന്‍റെ തോളില്‍ പതിയെ തട്ടിക്കൊണ്ടിരുന്നു.

            "പിന്നെ.. നീ എനിക്കൊരു അഞ്ഞൂറ് രൂപ തരണം." 

             ഇവിടെ വന്നശേഷം ഇതുവരെയും അച്ഛനെന്നോട് കാശ് ചോദിച്ചിട്ടില്ല. വൃദ്ധസദനത്തില്‍ അച്ഛന് കാശിന്‍റെ ആവശ്യവും ഇല്ല. ഞാന്‍ പേഴ്സ് തുറന്നു കാശ് എടുക്കുന്നതിനിടയില്‍ ചോദിച്ചു,

              "എന്തിനാ...?"

               "ഒരു കോളാമ്പി വാങ്ങാന്‍.."

              "ഏഹ്!!!" ഞാനൊന്നു ഞെട്ടി.. അച്ചനെന്തിനു കോളാമ്പി. അച്ഛന്‍ ഇനി മുറുക്കാന്‍ തുടങ്ങിയോ. ഞാന്‍ ചോദിച്ചു,

               "അച്ഛനെന്തിനാ കോളാമ്പി?!! അച്ഛനും തുടങ്ങിയോ?!!!"

               "എനിക്കല്ലെടാ.. നിന്‍റെ അമ്മയ്ക്കാ..."

       ഞാന്‍ ആശ്ചര്യചിത്തനായി നില്‍ക്കുന്നതിനിടയില്‍ അച്ഛന്‍ തുടര്‍ന്നു,

               "അവളിവിടുണ്ട്.. ഒരു മാസത്തോളമായി വന്നിട്ട്."

 അച്ഛന്‍ എന്‍റെ കയ്യില്‍ നിന്നും കാശ് പിടിച്ചു വാങ്ങി.

           "എന്നാ നീ ഇനി പൊയ്ക്കോ.. പോയിട്ട് വാ.. "

         ഞാന്‍ ആശ്ചര്യചകിതനായി  അവിടെ നില്‍ക്കുമ്പോള്‍ അച്ഛന്‍ മുറിയില്‍ കേറി വാതില്‍ അടച്ചു കഴിഞ്ഞു..!






41 comments:

  1. നന്നായി കഥ പറഞ്ഞു മനോജ്‌..
    വൃദ്ധ സദനങ്ങള്‍ ആധാരമാക്കി ഇനി കഥകള്‍ (അല്ല സത്യങ്ങള്‍) കൂടി വരും...
    വൈകാരികത ദ്യോതിപ്പിക്കാന്‍ ഭാഷ കുറച്ചു കൂടി ഭംഗി ആക്കാം എന്നൊരു അഭിപ്രായം ഉണ്ട്..

    ReplyDelete
  2. പശ്ചാത്തലം വൈകാരികത വര്‍ദ്ധിപ്പിക്കുന്നു വായനയിലും..ആശയം ഇഷ്ട്ടായി

    ReplyDelete
  3. എനികിഷ്ടമായി ...

    ReplyDelete
  4. വൃദ്ധ സദനം പശ്ചാത്തലമാക്കി ഇന്ന് ഒരു പാട് ബ്ലോഗ്‌ പോസ്റ്റുകള്‍ ഇറങ്ങുന്നുണ്ട്
    അതിലൊക്കെ അവസാനം ഒരു വേദനയും ബാക്കി ആവും
    പക്ഷെ ഇതില്‍ അങ്ങനെ കണ്ടില്ല പരസ്പര മുള്ള ചെറിയ വൈകല്യങ്ങളോട് പോരുത്തപെട്ടു മുന്നോട്ടു കൊണ്ട് പോകേണ്ടിയിരുന്നു ദാബത്യ ജീവിതം മുരുക്കിന്റെ പേരില്‍ ഇല്ലാതാക്കി എങ്കിലും ആ ഇണ യെ തന്നെ അവസാന നാളില്‍ ഇഷ്ടപെടുന്ന ഒരു പുരുഷ മനസ്സ് അതിലൂടെ യുള്ള ആസ്നേഹം അതാണ്‌ ഈ പോസ്റ്റ് പറഞ്ഞത്

    ReplyDelete
  5. ഭംഗിയായി പറഞ്ഞിരിക്കുന്നൂ കഥ.

    ReplyDelete
  6. രണ്ടു കാര്യങ്ങള്‍, നിസ്സാരകാര്യങ്ങള്‍ക്ക് വിട്ടു വീഴ്ച്ചയില്ലാത്തത് കൊണ്ട് തകരുന്ന ദാമ്പത്യങ്ങള്‍, വൃദ്ധസദനങ്ങളില്‍ തള്ളപ്പെടുന്ന , പെരുകുന്ന വാര്ധക്യങ്ങള്‍-.,- ഇത്രയുമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.. സാദാ വൃദ്ധസദന കഥകള്‍ പോലെ അവസാനം ഒരു നോവ്‌ ഒഴിവാക്കണം എന്നും കരുതി.. എത്രത്തോളം വിജയിച്ചു എന്നറിയില്ല.. വല്യ പുതുമയോ ഒന്നും അവകാശപെടാനും ഇല്ല..

    ReplyDelete
  7. നമ്മുടെ യൌവനത്തിന്റെ പച്ചപ്പ്‌ മൊത്തം ഊറ്റിയെടുത്തു അവസാനം ചവച്ചു തുപ്പനുള്ള ഒരു കോളാമ്പി കൂടിയാണ് വൃദ്ധസദനം .. ആ ഒരു അര്‍ത്ഥത്തില്‍ കൂടിയാണ് കോളാമ്പി എന്നാ പേര് തന്നെ കഥയ്ക്ക് ഇട്ടത.. ആ ചവക്കലില്‍ ഇടയ്ക്ക് നഷ്ടപ്പെട്ടു പോകുന്ന ദാമ്പത്യവും, തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും..

    ReplyDelete
  8. ഒരു വലിയ കഥയുണ്ട് ഇതിൽ ഇനിയും ഒരുപാട് വിവരിക്കാം

    ReplyDelete
  9. എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നരീതിയില്‍ തന്നെ എഴുതപ്പെട്ടതിനെ കാണണമെന്നുണ്ടോ?


    വൃദ്ധസദനങ്ങളില്‍ തള്ളപ്പെടുന്ന വാര്‍ദ്ധകങ്ങളല്ല ഇവിടെ ഹൈലൈറ്റ് ആകുന്നത്. മറിച്ച് ജീവിതത്തിന്റെ ആകസ്മികതകളും ചില നിസ്സഹായാവസ്ഥകളും ചില അഡിക്ഷനുകളും ഒക്കെയാണ്. കൊംബന്‍ ഫേസ് ബുക്ക് കമന്റില്‍ പറയുന്ന പോലെ എഴുത്ത് ഒരു കെട്ടിടം പോലെയാണ് ഓരോ ആംഗിളില്‍ നിന്ന് നോക്കുമ്പോള്‍ ഓരോ രൂപം. അതില്‍ തെറ്റുമില്ല.

    ReplyDelete
  10. ശാന്തമായി ഒതുക്കിപ്പറഞ്ഞ കഥ. അവസാനകാലത്ത് സ്നേഹത്തിന്റെ കൊതി ആഗ്രഹിക്കുന്നതും ആയി വായിക്കാനാകുന്നു. പ്രായോഗികമായി പുതിയവ ഉള്‍ക്കൊള്ളാന്‍ തയ്യാറെടുക്കുന്ന മനസ്സുകള്‍
    ഇഷ്ടപ്പെട്ടു.

    ReplyDelete
  11. പൊതുവേ ഈ ലേബലില്‍ ഇറങ്ങുന്ന കഥകളില്‍ നിന്നും വ്യത്യസ്തതയുണ്ട്.. അനുയോജ്യമായ പേരും..

    ReplyDelete
  12. അച്ഛന്‍ എന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു.. ഞാന്‍ മെല്ലെ ഒന്ന് ചിരിച്ചു.. അച്ഛന് സുഖമാണോ എന്നൊന്നും ഞാന്‍ ചോദിക്കാറില്ല.. അത്തരം ഔപചാരികതകള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടവുമല്ല.. ഞാന്‍ പറഞ്ഞു.

    ഇത്രയ്ക്കും നിർവികാരതയോടെ,തികച്ചും സർവ്വ-സാധാരണപോലെ പറഞ്ഞു പോയ വൃദ്ധ സദന കഥ എന്നിൽ കടുത്ത ഒരമ്പരപ്പാണുണ്ടാക്കിയത്.
    ഇവിടേയും പലയിടത്തും ഞാൻ സ്ഥിരമായി കാണുന്നതും കേൾക്കുന്നതും വായിക്കുന്നതുമാ ഇത്തരം വൃദ്ധ സദനക്കഥകൾ.
    പക്ഷെ എനിക്കതൊരിക്കലും ഇത്രയ്ക്കും സാധാരണയായി നിർവികാരതയോടെ പറയാനും എഴുതാനും കഴിയില്ല.
    ഞാൻ കേൾക്കുന്നതും,കാണുന്നതും,വായിക്കുന്നതും ഒന്നും സത്യമാവരുതേ എന്ന ആഗ്രഹത്തോടെയേ ഞാൻ ഇത്തരം വൃദ്ധസദന കഥകൾ വായിക്കാറും,അതിന് കമന്റെഴുതാറുമുള്ളൂ.
    ആശംസകൾ.

    ReplyDelete
  13. ഒതുക്കിപ്പറഞ്ഞ കഥ മനോജ്‌
    വ്യത്യസ്ഥമായൊരു തലമുണ്ട് ഈ കഥക്ക്. പക്ഷെ ഭാഷയില്‍ കുറച്ചു കൂടെ നാടകീയത ആകാം. കാര്യങ്ങള്‍ നേരെചൊവ്വേ പറഞ്ഞാല്‍ അതൊരു വിവരണമേ ആകൂ.
    മികച്ച ഒരു അവസാനം കഥയെ മിഴിവുള്ളതാക്കി എന്ന് കൂടെ പറയട്ടെ

    ReplyDelete
  14. വൃദ്ധ സദനങ്ങളുടെ പല കഥകളും കേട്ടിട്ടുണ്ടെങ്കിലും വ്യത്യസ്ഥമായ ഒരു കഥ , നന്നായി എഴുതി

    ReplyDelete
  15. നന്നായി എഴുതിയിട്ടുണ്ട്.
    ആ അവസാനഭാഗത്തെ ഒതുക്കമാണ് ഏറ്റവും ഇഷ്ടമായത്.

    ReplyDelete
  16. കഥാവസാനം മനോഹരമായി.
    പ്രായമാകുമ്പോള്‍ മനുഷ്യരുടെ മനസ്സ് എങ്ങിനെ മാറുന്നു അല്ലെ..

    ReplyDelete
  17. മനോജ്, ആദ്യമാണ് ഞാനീ വഴി വരുന്നത്.... വരവ് നിരാശപ്പെടുത്തിയില്ല., നല്ല രീതിയിൽ തന്നെ പറഞ്ഞിരിക്കുന്നു.

    ഫോളോ ചെയ്തു.. അടുത്ത രചനകൾ മുതൽ സ്ഥിരമായി വരും

    എല്ലാവിധ ആശംസകളും...

    ReplyDelete
  18. വളരെ നന്നായി കഥ പറഞ്ഞു, നല്ല ഭാഷയില്‍ ഒതുക്കത്തോടെ ഉള്ള കഥ ..

    അവസാനം വളരെ മനോഹരമാക്കി വെച്ചല്ലോ....

    ആശംസകള്

    ReplyDelete
  19. വൃദ്ധസദനങ്ങളിൽ ജീവിത സായാഹ്നം....
    ഒതുക്കത്തോടെ കഥ പറഞ്ഞു.....

    ReplyDelete
  20. ചിലതൊക്കെ അങ്ങനെയാണ് താമസിച്ചേ വീണ്ടുവിചാരം ഉണ്ടാവൂ...ഊഹിക്കുക പോലും ചെയ്യാതിരുന്ന ഒരു കഥാന്ത്യത്തിലേക്ക് പെട്ടെന്നുള്ള പ്രവേശനമാണ് ഈ കഥയുടെ പ്രത്യേകതയായി തോന്നിയത്.

    ReplyDelete
  21. രസകരമായി പറഞ്ഞു മനോജ്‌,ഇഷ്ടപ്പെട്ടു.ഒരു തരത്തില്‍ പറഞ്ഞാല്‍ നല്ല ഒരു വൃദ്ധ സദനം ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് പലപ്പോഴും നല്ല ആശ്വാസം തന്നെയാണ്, അവര്‍ക്ക് മാത്രമല്ല, മക്കള്‍ക്കും. പക്ഷെ മിക്കപ്പോഴും അതൊരു ഹോസ്റ്റല്‍ ജീവിതം പോലെ ആകാരാന് പതിവ്, അതിന്‍റെ കാരണം വൃദ്ധസദനങ്ങള്‍ നടത്തുന്നത് വെറും ലാഭേച്ചയാല്‍ മാത്രമാണ്. എന്‍റെ അഭിപ്രായത്തില്‍ അണു കുടുംബങ്ങളുടെ ഈ കാലഘട്ടത്തില്‍ നല്ല വൃദ്ധസദനം എന്നത് ഒരു നല്ല ആശയമാണ് !

    ReplyDelete
  22. വത്യസ്തമായ വൃദ്ധസദനംത്തിലെ പച്ചയായ ജീവിതത്തിന്റെ ഭാവങ്ങള്‍ ....മനോഹരമായ രചന ..ആശംസകളോടെ ..

    ReplyDelete
  23. കോളാമ്പി വേണമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി......കേട്ടോ.
    എഴുത്ത് ഇഷ്ടപ്പെട്ടു.

    ReplyDelete
  24. എനിക്കിഷ്ടായി. നല്ല കഥ. അവസാനം മനോഹരം.

    ReplyDelete
  25. നല്ല ഇഷ്ടായി. ഞാന്‍ ഇപ്പോഴും വൃദ്ധസദനത്തില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. അവരുടെ കൂടെ കുറച്ചു സമയം ഇരിക്കാം എന്ന് തോന്നി. ആശംസകള്‍

    ReplyDelete
  26. നന്നായി പറഞ്ഞു ..

    ReplyDelete
  27. മനോഹരം എന്ന ഒറ്റവാക്കില്‍ അഭിപ്രായം ഒതുക്കുന്നു.. കാരണം അത്രയ്ക്ക് മനോഹരം ...!

    ReplyDelete
  28. എനിക്കാ അച്ഛനെ വല്ലാതങ്ങിഷ്ടപെട്ടു...
    ഇതില്‍ കഥാകാരന്‍ അറിഞ്ഞോ അറിയാതെയോ ഒരു കാര്യം പറഞ്ഞു വച്ച്...
    വാര്ദ്ധക്ക്യത്തില്‍ ഇണകള്‍ തന്നെയാണ് പരസ്പരം തുണയാവുക

    അഭിനന്ദനങ്ങള്‍ ചങ്ങാതീ

    ReplyDelete
  29. "അപ്പീ ഇനി വരുമ്പോള്‍ ഒരു കോളാമ്പി കൊണ്ടുപോരൂ. നമുക്കെല്ലാവര്‍ക്കും കൂടിയിരുന്നു തുപ്പിക്കളിക്കാം" എന്ന രാജമാണിക്കത്തിലെ ഡയലോഗ് ആണ് ഓര്മ വന്നത്. വായിച്ചപ്പോള്‍ ആണ് മനസ്സിലായത്‌ ഇത് തനി മാണിക്യകല്ലാണന്നു.

    ReplyDelete
  30. നന്നായി പറഞ്ഞൂ...എന്നിരുന്നാലും വൃദ്ധസദനങ്ങളിൽ ഏത് അവസരം ആയാലും മാതാപിതാക്കളെ തള്ളിയിടുന്നതിൽ വിയോജിപ്പന്നെയാണ്..

    ReplyDelete
  31. നന്നായിത്തോന്നി, എഴുത്തും വിഷയവും.

    ReplyDelete
  32. ഭാഷ ഒന്നുകൂടി മിനുക്കിയാല്‍ കുറേക്കൂടി മനോഹാരിത വരും ഈ കഥയ്ക്ക് .

    ReplyDelete
  33. Vaayikkunnavare iruthi chinthippikkunnu.
    Aashamsakal.

    ReplyDelete
  34. വെത്യസ്തമായ, നല്ല ഒരു വൃദ്ധസദന കഥ,,,,

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. കോളാമ്പികൾ ഒരു കാലഘട്ടത്തിന്റെ അടയാളമാണ്. പ്രൗഡിയുടെ...അതേ സമയം വാർദ്ധക്യത്തിൻറെയും രോഗത്തിൻറയും കൂടി.
    കഥ ഉള്ളിൽ തട്ടി.
    എനിക്കു പിച്ചളക്കോളാമ്പി നൊസ്റ്റാൾജിയയുടെ അടയാളമാണ്. ഒമ്പതു കൊല്ലം മുമ്പെഴുതിയ ഒരു ബ്ലോഗ് പോസ്ററ്. ;)
    പിച്ചളക്കോളാമ്പി http://tkkareem.blogspot.com/2006/08/blog-post_22.html

    ReplyDelete
  37. വളരെ നന്നായിട്ടുണ്ട് അവസാനം ഒരു സെന്റിമെന്റ് പ്രതീക്ഷിച്ചു...പക്ഷെ പ്രതീക്ഷക്കു വിപരീതമായി ..അവസാനിപ്പിച്ചു......അഭിനന്ദനങൾ !!!!!!!

    ReplyDelete